
ഐ-ലീഗ് ക്ലബായ ഗോകുലം കേരള എഫ്സിയിൽ മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരമായ ഹോസു കുരിയാസ് ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് താരം. ട്വിറ്ററിലാണ് താരം ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
നേരത്തെ, താരവുമായി ഗോകുലം കേരള ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, അടുത്ത സീസണിൽ അവർക്ക് വേണ്ടി ബൂട്ടണിയുമെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.
ഐ എസ് എൽ രണ്ടാം സീസണിൽ ബ്ലാസ്റ്റേഴ്സിൽ ചേർന്ന ഹോസു ആരാധകരുടെ പ്രിയ താരമാണ്. മൂന്നാം സീസണിൽ കൊമ്പന്മാർ ഐ എസ് എൽ ഫൈനൽ വരെ എത്തിയതിൽ പ്രധാന പങ്ക് വഹിച്ച താരങ്ങളിൽ ഒരാളാണ് ഹോസു. ഇടത് ലെഫ്റ്റ്-ബാക്ക് സ്ഥാനത്ത് താരം കാഴ്ച വെച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് പല മത്സരങ്ങളിലും നിർണ്ണായകമായിരുന്നു.
Not true. Thanks
— Josu Prieto Currais (@CurraisJosu) May 19, 2020
ലാ മാസിയ അക്കാദമി താരമായ ഹോസു നാലാം സീസണിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, താരത്തെ ക്ലബ് നിലനിറുത്തിയിരുന്നില്ല.
സ്പാനിഷ് മൂന്നാം ഡിവിഷനായ സെഗുണ്ട ബിയിൽ കളിക്കുന്ന സി എഫ് പെരലാഡാ എന്ന ക്ലബിന് വേണ്ടിയാണ് 27 വയസ്സുള്ള താരം അവസാനമായി ബൂട്ടണിഞ്ഞിട്ടുള്ളത്.