
ഇന്റർമിലാൻ താരമായ ഇകാർഡിയുടെ പിഎസ്ജി ട്രാൻസ്ഫർ ഈയാഴ്ച പൂർണമാകുമെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്റർ മിലാൻ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ മൂലം ക്ലബ് വിട്ട താരം കഴിഞ്ഞ സീസൺ മുഴുവൻ പിഎസ്ജിയിൽ ലോണിൽ കളിക്കുകയായിരുന്നു. ഇപ്പോൾ താരത്തെ സ്ഥിരം കരാറിൽ പിഎസ്ജി സ്വന്തമാക്കുന്നത് ഇറ്റാലിയൻ ക്ലബായ യുവന്റസിനു നൽകാനാണെന്നും സൂചനകളുണ്ട്. എന്നാൽ തങ്ങളുടെ ബദ്ധശത്രുക്കളായ യുവന്റസിന് ഇകാർഡിയെ നൽകാതിരിക്കാൻ പിഎസ്ജിയുമായി ഒരു വിചിത്രമായ കരാറാണ് ഇന്റർ മിലാൻ വച്ചിരിക്കുന്നത്.
2022 വരെ ഇന്റർമിലാനുമായി കരാറുള്ള താരമാണ് ഇകാർഡി. താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ഏതാണ്ട് അറുപതു ദശലക്ഷം യൂറോയോളമാണ് പിഎസ്ജി നൽകേണ്ടി വരിക. എന്നാൽ അതിനു ശേഷം താരത്തെ പിഎസ്ജി യുവന്റസിനു വിൽക്കുകയാണെങ്കിൽ ഇന്റർ മിലാന് പതിനഞ്ചു ദശലക്ഷം യൂറോ വീണ്ടും നൽകേണ്ടി വരും. തങ്ങളുടെ എതിരാളികളായ യുവന്റസിന്റെ തട്ടകത്തിലേക്ക് അർജന്റീനിയൻ താരം ചേക്കേറാതിരിക്കാൻ ഇത്തരമൊരു ഉടമ്പടിയാണു ഇന്റർ വച്ചിരിക്കുന്നതെന്നാണ് പ്രമുഖ കായിക മാധ്യമമായ ഗോൾ റിപ്പോർട്ടു ചെയ്യുന്നത്. താരത്തെ ഏത് ഇറ്റാലിയൻ ക്ലബിനു വില്ക്കാനും ഈ ഉടമ്പടി ബാധകമാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്റർ മിലാൻ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ കൊണ്ടു തന്നെ ഇറ്റാലിയൻ ക്ലബിലേക്കു തിരിച്ചെത്താൻ ഇകാർഡി ആഗ്രഹിക്കുന്നില്ല. വളരെക്കാലത്തിനു ശേഷം ഇന്റർമിലാനു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം ക്ലബുമായുള്ള പ്രശ്നങ്ങൾ കൊണ്ടു തന്നെ ടീമിന്റെ നായക സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. നിലവിൽ ഇന്റർ മിലാന്റെ പരിശീലകനായ അന്റോണിയോ കോണ്ടെ തന്റെ പദ്ധതികളിൽ അർജൻറീനിയൻ താരത്തിനു ഇടമില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇറ്റാലിയൻ ലീഗിൽ നിന്നും ഫ്രഞ്ച് ലീഗിലേക്കു ചേക്കേറിയ ഇകാർഡി പിഎസ്ജിക്കൊപ്പം ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇരുപത്തിയേഴുകാരനായ താരം 31 മത്സരങ്ങളിൽ നിന്നും ഇരുപതു ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കാൻ പിഎസ്ജിയെ സഹായിച്ച താരത്തിന് ചാമ്പ്യൻസ് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് കപ്പ് എന്നിവയും സ്വന്തമാക്കാൻ അവസരമുണ്ട്.