
കൊവിഡ് 19 മൂലം സീസൺ നിർത്തി വെക്കുന്നതിനു മുൻപ് ആന്ദ്രേ ടൊണാലിക്കു വേണ്ടിയുള്ള ബാഴ്സയുടെ കൂറ്റൻ വാഗ്ദാനം തങ്ങൾ നിരസിച്ചുവെന്ന് ഇറ്റാലിയൻ ക്ലബായ ബ്രസിയയുടെ പ്രസിഡൻറ് മാസിമോ സെലിനോ. സെക്കൻഡ് ഡിവിഷനിൽ നിന്നും സ്ഥാനക്കയറ്റം കിട്ടി ഈ സീസണിൽ സീരി എയിലെത്തിയ ബ്രസിയക്കു വേണ്ടി മികച്ച പ്രകടനമാണ് പിർലോയുടെ പിൻഗാമിയെന്നു വിളിക്കുന്ന ടൊണാലി കാഴ്ച വെക്കുന്നത്. അടുത്ത സീസണിൽ താരത്തെ ടീമിലെത്തിക്കാൻ നിരവധി ക്ലബുകളും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്.
”ചില താരങ്ങളെ വളരെയധികം ഇഷ്ടപ്പെടുമ്പോൾ എനിക്കവരെ വിൽക്കാൻ താൽപര്യമുണ്ടാകില്ല. കൊവിഡ് 19നു മുൻപ് ടൊണാലിക്കു വേണ്ടി ബാഴ്സലോണ അറുപത്തിയഞ്ചു മില്യൺ യൂറോയും രണ്ടു മികച്ച താരങ്ങളെയും ഓഫർ ചെയ്തിരുന്നു. എട്ടു ദശലക്ഷം യൂറോയോളം മൂല്യമുള്ള രണ്ടു താരങ്ങളെയാണ് ബാഴ്സ ഓഫർ ചെയ്തത്. അതിലൊരാൾ ഫുൾബാക്കായിരുന്നു. കറ്റലൻ ഡയറക്ടർക്ക് ഇഷ്ടപ്പെടാത്ത ഒരു മറുപടിയാണ് അക്കാര്യത്തിൽ ലഭിച്ചത്.” കൊറേറെ ഡെല്ലാ സെറയോട് സെലിനോ പറഞ്ഞു.
?Massimo Cellino:”PSG even contacted me today but tonali does not prefer france. Barcelona offered €65mil + 2 academy players but barcelona received an answer that they didn’t like.Napoli offered 40mil”
“Inter and Juve are the destinations tonali prefers”@CorSport pic.twitter.com/ASfNkqTRHi
— Yash (@DelPie_ro) June 1, 2020
ടൊണാലിക്കു വേണ്ടി യൂറോപ്പിലെ നിരവധി ക്ലബുകൾ രംഗത്തുണ്ടെന്ന കാര്യം സമ്മതിച്ച സെലിനോ അതാരൊക്കെയാണെന്നും വെളിപ്പെടുത്തി. “നാസർ അൽ ഖലീഫിക്ക് ടൊണാലിയെ പാരീസിലെത്തിക്കാൻ താൽപര്യമുണ്ട്. അദ്ദേഹം എനിക്ക് കഴിഞ്ഞ ദിവസം എഴുതിയിരുന്നു. എന്നാൽ ടൊണാലിക്ക് ഫ്രഞ്ച് ലീഗിലേക്കു ചേക്കേറാൻ താൽപര്യമില്ല.”
“ഇന്റർ മിലാനും യുവന്റസുമാണ് താരത്തിനു ചേക്കേറാൻ താൽപര്യമുള്ള ക്ലബുകൾ. നാപോളി പ്രസിഡൻറ് അദ്ദേഹത്തിന് നാൽപതു ദശലക്ഷം യൂറോ ഓഫർ ചെയ്തിരുന്നു. ഫിയോറന്റീന ടൊണാലിയെ സ്വന്തമാക്കാൻ ഏതറ്റം വരെ പോകാൻ തയ്യാറാണെങ്കിലും അദ്ദേഹം ഏതു ക്ലബിലേക്കു ചേക്കേറുമെന്നത് ഏറെക്കുറെ തീരുമാനമായ കാര്യമാണ്.” സെലിനോ പറഞ്ഞു.
സീരീ എ കിരീടം നേടാൻ പൊരുതുന്ന ഇന്റർ മിലാനിലേക്കാണു താരം ചേക്കേറുകയെന്നാണു കൊറേറ ഡെല്ല സെറയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2.5 മില്യൺ പ്രതിവർഷം നൽകി നാലു വർഷത്തെ കരാറാണ് ഇന്റർ ടൊണാലിക്കു വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേ സമയം മുൻപു പിർലോയെ സ്വന്തമാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ബാഴ്സക്ക് അദ്ദേഹത്തിന്റെ അതേ ശൈലിയുള്ള ടൊണാലിയേയും നഷ്ടപ്പെടുന്നത് തിരിച്ചടി തന്നെയാണ്.