
അലൻ ഷിയററെ പോലുള്ള ഇതിഹാസ താരങ്ങളെ നൽകിയ പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിന് പുതിയ ഉടമസ്ഥർ വന്നേക്കുമെന്ന വാർത്തകൾ ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുകയാണ്. അതിനൊപ്പം വമ്പൻ താരങ്ങൾ ടീമിലേക്കെത്തുകയും ചെയ്യും. പുതിയ ഉടമസ്ഥർ ക്ലബിനെ സ്വന്തമാക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായാൽ അടുത്ത സീസണിൽ ടീമിലെത്താൻ സാധ്യതയുള്ള നാലു താരങ്ങൾ ഇവരാണ്.
1. എഡിസൻ കവാനി
ഇകാർഡിയുടെ വരവോടെ ടീമിൽ അവസരങ്ങൾ കുറഞ്ഞ കവാനി അടുത്ത സീസണിൽ ഫ്രഞ്ച് ക്ലബിലുണ്ടാകാൻ സാധ്യതയില്ല. പിഎസ്ജിയുമായി കരാർ പുതുക്കാൻ സാധ്യതയില്ലാത്ത മുപ്പത്തിമൂന്നുകാരനായ താരത്തിന്റെ വേതന വ്യവസ്ഥകൾ അംഗീകരിക്കാൻ ന്യൂകാസിലിനു കഴിയും. പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ താരം ജോലിന്റനു പകരക്കാരനായി എത്താൻ സാധ്യതയേറെയാണ്.
2. ഫിലിപ്പെ കുട്ടീന്യോ
ബാഴ്സലോണ വമ്പൻ തുകക്കു സ്വന്തമാക്കിയ താരത്തിനു പക്ഷേ ഇതു വരെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ബയേണിൽ ലോണിൽ കളിക്കുന്ന താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ജർമൻ ക്ലബിനു താൽപര്യമില്ല. ബാഴ്സ ആഗ്രഹിക്കുന്ന തുക നൽകി താരത്തെ സ്വന്തമാക്കാൻ ന്യൂകാസിലിനു കഴിയും. അതേ സമയം ചെൽസിയും ബ്രസീലിയൻ താരത്തിനായി രംഗത്തുണ്ട്.
3. കലിഡോ കൂലിബലി
ഏതു ടീമിന്റെ പ്രതിരോധത്തെയും മികച്ചതാക്കാൻ കഴിയുന്ന താരമാണ് കൂളിബാളി. ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകളെല്ലാം പ്രതിഭാസമ്പന്നനായ സെനഗൽ താരത്തെ സ്വന്തമാക്കാൻ മുൻപു ശ്രമിച്ചിരുന്നു. നല്ലൊരു ഓഫർ ലഭിക്കുകയാണെങ്കിൽ കൂളിബാളി ന്യൂകാസിലിലെത്താൻ സാധ്യതയുണ്ട്.
4. ഡ്രൈസ് മേർട്ടൻസ്
2013 മുതൽ ഇറ്റാലിയൻ ക്ലബായ നാപോളിക്ക് വേണ്ടി കളിക്കുന്ന മേർട്ടൻസിന്റെ കരാർ ഈ സീസണോടു കൂടി അവസാനിക്കുകയാണ്. ഇതു വരെയും താരത്തിന് പുതിയ കരാർ നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുപ്പത്തിരണ്ടുകാരനായ ബെൽജിയൻ താരത്തിനു വേണ്ടി യൂറോപ്പിലെ നിരവധി ക്ലബുകൾ രംഗത്തുണ്ട്. നല്ലൊരു ഓഫർ നൽകുകയാണെങ്കിൽ മികച്ചൊരു കളിക്കാരനെ ഫ്രീ ട്രാൻസ്ഫറിൽ ന്യൂകാസിലിനു ലഭിക്കും.