
ബയേൺ മ്യൂണിക്കിൽ നിന്നുള്ള ലോൺ കരാർ കഴിഞ്ഞ് ഈ സീസണു ശേഷം തിരിച്ചെത്തുന്ന ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കുട്ടീന്യോയെ ബാഴ്സലോണ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കാൻ ശ്രമിക്കുന്നുണ്ട്. പുതിയ താരങ്ങളെ വാങ്ങാനുള്ള തുക കണ്ടെത്തുന്നതിനു വേണ്ടിയാണ് കുട്ടീന്യോയെ വിൽക്കാൻ ശ്രമിക്കുന്നതെങ്കിലും ഉയർന്ന ട്രാൻസ്ഫർ ഫീസും വേതന വ്യവസ്ഥകളുമുള്ള താരത്തെ വാങ്ങാൻ ക്ലബുകൾ മടിക്കുന്നത് ബാഴ്സക്ക് ആശങ്കയായിരുന്നു. എന്നാൽ നിലവിൽ യുവന്റസുമായുള്ള ട്രാൻസ്ഫർ ചർച്ചകളിൽ കുട്ടീന്യോയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലിവർപൂളിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്ഫറിൽ ബാഴ്സയിലെത്തിയ കുട്ടീന്യോക്കു പക്ഷേ തന്റെ കഴിവിനൊത്ത പ്രകടനം കറ്റലൻ ക്ലബിൽ പുറത്തെടുക്കാനായില്ല. ഇതേത്തുർന്നാണ് ഈ സീസണിന്റെ തുടക്കത്തിൽ താരം ബയേണിലേക്കു ചേക്കേറിയത്. സീസണിൽ 32 മത്സരങ്ങളിൽ നിന്നും ഒൻപതു ഗോളും എട്ട് അസിസ്റ്റും സ്വന്തമാക്കിയെങ്കിലും താരത്തെ സ്ഥിരം കരാറിൽ ജർമൻ ക്ലബ് സ്വന്തമാക്കുന്നില്ല.
അതേ സമയം യുവന്റസ് താരമായ മിറാലം പ്യാനിച്ചുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ ചർച്ചകളിലാണ് കുട്ടീന്യോയുടെ പേര് ഉയർന്നു വരുന്നതെന്ന് ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. ബോസ്നിയൻ താരത്തെ ബാഴ്സക്ക് ആവശ്യമുണ്ടെങ്കിലും പകരം ആർതറിനെയാണ് യുവന്റസ് പകരമായി ആവശ്യപ്പെട്ടത്. എന്നാൽ ബാഴ്സ വിടാൻ തനിക്ക് താൽപര്യമില്ലെന്ന് ആർതർ വ്യക്തമാക്കിയതിനെ തുടർന്നാണ് മറ്റൊരു മധ്യനിര താരമായ കുട്ടിന്യോയിലേക്ക് യുവന്റസിന്റെ ശ്രദ്ധ തിരിഞ്ഞത്.
കുട്ടീന്യോ അടുത്ത സീസണിൽ ബാഴ്സയിൽ തുടരുമോയെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം ഏജന്റ് നൽകാത്തത് താരത്തിന്റെ ട്രാൻസ്ഫറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. “നിലവിൽ ഒരു ക്ലബുമായും ഞങ്ങൾ ചർച്ചകൾ നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ ഈ മഹാമാരിയെ എങ്ങിനെ മറികടക്കുമെന്നതാണ്. സാഹചര്യങ്ങൾ സാധാരാണ നിലയിലേക്ക് എത്തിയതിനു ശേഷമായിരിക്കും ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ.” കുട്ടിന്യോയുടെ ഏജന്റ് വ്യക്തമാക്കി.