
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കു മാറ്റാൻ തൽക്കാലം പദ്ധതിയില്ലെന്നു റിപ്പോർട്ടുകൾ. ഇന്നലെയാണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലെ ഹോം ഗ്രൗണ്ട് മത്സരങ്ങൾ കോഴിക്കോടു വച്ചു കളിക്കുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. ബ്ലാസ്റ്റേഴ്സിനു ഇഎംഎസ് സ്റ്റേഡിയം വിട്ടു കൊടുക്കുന്ന കാര്യത്തിൽ കോഴിക്കോട് കോർപറേഷൻ തീരുമാനമെടുത്തതാണ് ഈ അഭ്യൂഹങ്ങൾക്കു കാരണം. എന്നാൽ ഹോം ഗ്രൗണ്ട് മലബാറിലേക്കു മാറ്റാൻ തൽക്കാലം ബ്ലാസ്റ്റേഴ്സ് നേതൃത്വം ആലോചിക്കുന്നില്ല.
കഴിഞ്ഞ നവംബറിൽ സ്റ്റേഡിയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്സ് കോഴിക്കോടു കോർപറേഷനെ സമീപിച്ചിരുന്നു. അതിന്റെ ബാക്കിയായാണ് ഇപ്പോഴത്തെ തീരുമാനങ്ങൾ ഉണ്ടായത്. ഐഎസ്എൽ മത്സരങ്ങൾക്കു പകരം കോഴിക്കോടു വച്ച് ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരങ്ങളും പ്രീ സീസൺ മത്സരങ്ങളും നടത്താനാണ് ക്ലബ് ആലോചിക്കുന്നത്. ഇതിനു പുറമേ യൂത്ത് ടീമിന്റെ ക്യാമ്പും കോഴിക്കോട് സ്റ്റേഡിയത്തിൽ നടന്നേക്കും.
നിലവിലെ സാഹചര്യത്തിൽ കൊച്ചി തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി തുടരും. എന്നാൽ ഭാവിയിൽ ക്ലബിന്റെ ഹോംഗ്രൗണ്ട് കോഴിക്കോട്ടേക്കു മാറ്റാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അത്തരമൊരു നീക്കം ബ്ലാസ്റ്റേഴ്സ് നടത്തില്ലെന്നാണു പ്രതീക്ഷയെന്ന് നിലവിൽ സ്റ്റേഡിയം ഉപയോഗിക്കുന്ന ഐ ലീഗ് ക്ലബായ ഗോകുലം കേരളയുടെ പ്രസിഡന്റ് വിസി പ്രദീപ് പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി ഗോകുലം കേരളയാണ് കോഴിക്കോട് സ്റ്റേഡിയം ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം അവർക്കതു വാടക സൗജന്യമായി വിട്ടു നൽകിയിരുന്നു.
“സ്റ്റേഡിയം ഉപയോഗിക്കാനുള്ള അനുമതി നീട്ടിക്കിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. അതു പരിഗണിക്കപ്പെട്ട് വരും സീസണുകളിലും ഗോകുലം കേരള ഇഎംഎസ് സ്റ്റേഡിയത്തിൽ കളിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. മറ്റൊരു ക്ലബ് ഞങ്ങളുടെ ഹോം മൈതാനം എടുക്കുന്നത് ശരിയായ നടപടിയല്ല. ബ്ലാസ്റ്റേഴ്സ് അതു ചെയ്യില്ലെന്നാണ് വിശ്വാസം.” അദ്ദേഹം പറഞ്ഞു.