
ബാഴ്സലോണയും റയൽ മാഡ്രിഡുമാണ് ചാമ്പ്യൻസ് ലീഗിൽ ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസരങ്ങളെ ഇല്ലാതാക്കിയതെന്ന് ക്ലബിന്റെ ഇതിഹാസ താരം പോൾ സ്കോർസ്. വേറെ ഏതെങ്കിലും കാലഘട്ടത്തിലായിരുന്നു അന്നത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചിരുന്നതെങ്കിൽ അഞ്ചോ ആറോ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ക്ലബിനു സ്വന്തമാക്കാൻ കഴിയുമായിരുന്നു എന്നാണ് ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ സ്കോർസ് പറയുന്നത്.
ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായി അറിയപ്പെടുന്ന പെപ് ഗ്വാർഡിയോള പരിശീലകനായിരുന്ന കാലഘട്ടത്തിൽ രണ്ടു തവണയാണ് യുണൈറ്റഡിനെ കറ്റാലൻ ക്ലബ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തറപറ്റിച്ചിരിക്കുന്നത്. ആ സമയത്തെ യുണൈറ്റഡും ചരിത്രത്തിലെ മികച്ച ടീമുകളിൽ ഒന്നായിരുന്നുവെങ്കിലും അന്നത്തെ ബാഴ്സലോണ തങ്ങൾക്കു മുന്നിൽ വന്നിരുന്നില്ലായിരുന്നെങ്കിൽ കൂടുതൽ യൂറോപ്യൻ കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയുമായിരുന്നു എന്നാണ് സ്കോൾസ് പറയുന്നത്.
Paul Scholes believes Manchester United could have won ‘four, five or six’ European Cups if it wasn’t for the amazing Barcelona and Real Madrid sides his team faced. pic.twitter.com/FP35voEs2I
— Digital Jerseys (@Fasn_Designs) June 1, 2020
“ഞങ്ങൾ ശരിക്കും ദൗർഭാഗ്യവാന്മാരാണ്. വേറേതെങ്കിലും കാലഘട്ടത്തിൽ ആയിരുന്നുവെങ്കിൽ അഞ്ചോ ആറോ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഞങ്ങൾക്കു സ്വന്തമാക്കാൻ കഴിയുമായിരുന്നു. എന്നാൽ ഗ്വാർഡിയോളയുടെ ബാഴ്സലോണ പോലെയുള്ള മികച്ച ടീമുകൾ അതിനു വിലങ്ങു തടിയായി.” എ ഗോൾ ഇൻ വൺ പോഡ്കാസ്റ്റ് എന്ന പരിപാടിക്കിടയിൽ സ്കോൾസ് പറഞ്ഞു.
“അവിശ്വസനീയമായ ടീമായിരുന്നു ഗ്വാർഡിയോളയുടെ ബാഴ്സലോണ. ടീമിലേക്കു നോക്കുകയാണെങ്കിൽ മധ്യനിരയിൽ സാവി, ഇനിയേസ്റ്റ, ബുസ്ക്വസ്റ്റ്സ്. അവർക്കൊപ്പം ലയണൽ മെസിയും ഇടതു വിങ്ങിൽ തിയറി ഹെൻറിയും. പ്രതിരോധത്തിലാണെങ്കിൽ പുയോളും പിക്വയും. ഞാൻ എതിരെ കളിച്ചിട്ടുള്ള ഏറ്റവും മികച്ച ടീമും ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല ടീമുകളിൽ ഒന്നുമാണ് ആ ബാഴ്സലോണ.”
“അതു പോലെ പുറകോട്ടു നോക്കുമ്പോൾ ഞങ്ങൾക്കെതിരെ കളിച്ച റയൽ മാഡ്രിഡിനെ കുറിച്ചു കൂടി പറയേണ്ടി വരും. ബെർണാബ്യുവിൽ വെച്ച് അവർ ഞങ്ങളെ തകർത്തു കളഞ്ഞിട്ടുണ്ട് ഒരിക്കൽ. ഗ്വാർഡിയോളയുടെ ബാഴ്സ പോലെ തന്നെയുള്ള ടീമായിരുന്നു അത്. ബ്രസീലിയൻ റൊണാൾഡോ, സിദാൻ, ഫിഗോ എന്നിവർ മുന്നേറ്റത്തിലും കാർലോസ്, ഹിയറോ, കസിയസ് എന്നിവർ പിൻനിരയിലും. ഞങ്ങൾ വളരെ കരുത്തരായ ടീമുകളെയാണു നേരിടേണ്ടി വന്നിട്ടുള്ളത്. അതിൽ തന്നെ ഗ്വാർഡിയോളയുടെ ബാഴ്സക്കാണു നേരിയ മുൻതൂക്കമുള്ളത്.” സ്കോൾസ് പറഞ്ഞു.