
നാപോളി താരം ഡ്രൈസ് മെർറ്റൻസ് ക്ലബ്ബുമായുള്ള തന്റെ കരാർ പുതുക്കാൻ തീരുമാനിച്ചു. 3 വർഷത്തെ പുതിയ കരാറിലാണ് താരം ഒപ്പിടുക. നേരത്തെ ചെൽസിയും ഇന്റർ മിലാനും താരത്തെ ഈ സമ്മർ ട്രാൻസ്ഫറിൽ സൗജന്യമായി സ്വന്തമാക്കാൻ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ നാപോളിയുമായി കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചത് ഇരു ടീമുകൾക്കും തിരിച്ചടി ആയിരിക്കുകയാണ്.
ചെൽസി പരിശീലകൻ ഫ്രാങ്ക് ലാംപാർടിന് വളരെ ഇഷ്ടമുള്ള താരമാണ് മെർറ്റൻസ്. അത് കൊണ്ട് തന്നെ ഈ സമ്മറിൽ നാപോളിയുമായി കരാർ അവസാനിക്കുമ്പോൾ താരത്തെ ടീമിലെത്തിക്കുക എന്നതായിരുന്നു ലാംപാർടിന്റെ ലക്ഷ്യം. ഇന്റർ മിലാനും മെർറ്റൻസിനെ നോട്ടമിട്ടിരുന്നു. ആഴ്ചയിൽ ഏകദേശം £170,000 എന്ന തുകയാണ് അദ്ദേഹത്തിന് ഇന്റർ മിലാൻ വാഗ്ദാനം ചെയ്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ഇപ്പോൾ താരം നാപോളിയിൽ തന്നെ തുടരാൻ തീരുമാനിച്ചതോടെ സൈനിങ് ഓൺ ബോണസ് ആയി £2.2 മില്യൺ മെർറ്റൻസിന് ലഭിക്കും. പുതിയ കരാർ നിലവിൽ വരുന്നത് മുതൽ ആഴ്ചയിൽ ഏകദേശം £140,000 ആയിരിക്കും അദ്ദേഹത്തിന്റെ നാപോളിയിലെ ശമ്പളം. കഴിഞ്ഞ കുറേ സീസണുകളിലായി സീരി എയിലെ മികച്ച മുന്നേറ്റ താരമായി മാറാൻ മെർറ്റൻസിന് കഴിഞ്ഞിരുന്നു.
2013ലാണ് അദ്ദേഹം നാപോളിയിൽ എത്തിയത്. ഇത് വരെ, 226 മത്സരങ്ങളിൽ നിന്നും 90 ഗോളുകൾ നാപോളിക്ക് വേണ്ടി നേടാൻ മെർറ്റൻസിന് കഴിഞ്ഞിട്ടുണ്ട്. 2016-2017 സീസണിലാണ് അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. 35 മത്സരങ്ങളിൽ 28 ഗോളുകളാണ് അദ്ദേഹം ആ സീസണിൽ അടിച്ച് കൂട്ടിയത്.
അതെ സമയം, കൊറോണ വൈറസ് വ്യാപനം മൂലം നിർത്തി വെച്ചിരിക്കുന്ന സീരി എ എന്ന് പുനരാംഭിക്കുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 12 മത്സരങ്ങൾ ബാക്കി നിൽക്കേ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് നാപോളി.