
സമ്മർ ട്രാൻസ്ഫർ ജാലകം തുറക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെങ്കിലും, ട്രാൻസ്ഫർ ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ ക്ലബുകൾ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. തങ്ങൾ ലക്ഷ്യമിടുന്ന താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ക്ലബുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ട്രാൻസ്ഫർ വാർത്തകളിൽ നിന്ന് വ്യക്തമാണ്.
ഇവിടെ ഇന്നത്തെ പ്രധാന ട്രാൻസ്ഫർ അഭ്യൂഹങ്ങളെ കുറിച്ചാണ് പറയുന്നത്.
1. ഇകാർഡിയുമായി കരാറിൽ ഏർപ്പെട്ട് പി എസ് ജി
കഴിഞ്ഞ സീസണിൽ ഇന്റർ മിലാനിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിയ ഇകാർഡിയുമായി 2024 വരെയുള്ള കരാറിൽ ഏർപെട്ടതായി പി എസ് ജി ട്വിറ്ററിലൂടെ അറിയിച്ചു. 27 വയസുള്ള താരം പി എസ് ജിക്ക് വേണ്ടി 31 മത്സരങ്ങളിൽ നിന്നും 20 ഗോളുകളും 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
2. അൻസു ഫാറ്റിയെ ടീമിലെത്തിക്കാൻ ശ്രമിച്ച് യുവന്റസ്.
യുവന്റസ് താരം മിറാലേം പ്യാനിച്ചിനെ ബാഴ്സ വാങ്ങാൻ ശ്രമം തുടങ്ങിയിരുന്നു. ഈ അവസരത്തിൽ അൻസു ഫാറ്റി ഉൾപ്പെടുന്ന താര കൈമാറ്റ കരാറിന് യുവന്റസ് സമ്മതിച്ചതായി സ്പെയിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പോർട് റിപ്പോർട്ട് ചെയുന്നു. കൂടാതെ മറ്റൊരു യുവ താരമായ റിക്യു പുയിഗിനെയും കരാറിൽ ഉൾപ്പെടുത്തണമെന്ന് ബാഴ്സയോട് യുവന്റസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
3. ഇഗാലോയെ ടീമിൽ നില നിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം തുടങ്ങി
ചൈനീസ് ലീഗിലെ ടീമായ ഷാങ്ഹായി ഷെൻഹുവയുടെ താരം ഒഡിയോണ് ഇഗാലോ ലോൺ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരിയിലാണ് യുണൈറ്റഡിൽ എത്തിയത്. ഈ സമ്മറോടെ ലോൺ കരാർ അവസാനിക്കും, അത് കൊണ്ട് തന്നെ കരാർ 2021 ജനുവരി വരെ പുതുക്കാൻ ചൈനീസ് ക്ലബ്ബുമായി യുണൈറ്റഡ് ചർച്ചകൾ നടത്തുന്നതായി ഗോൾ റിപ്പോർട്ട് ചെയ്തു.
4. ഈ സമ്മറിൽ കെൽറ്റിക് വിടുമെന്ന് അറിയിച്ച് ജോണി ഹെയ്സ്
കെൽറ്റിക് താരമായ ജോണി ഹെയ്സ് ഈ സമ്മറിൽ ടീം വിടുമെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. 32 വയസുള്ള താരം 2017 ലാണ് കെൽറ്റിക് ടീമിന്റെ ഭാഗമായത്.
5. സാനെക്ക് വേണ്ടി ലൂക്കാസ് ഹെർണാണ്ടസിനെ നൽകാൻ തയാറായി ബയേൺ മ്യൂണിക്ക്
പ്രതിരോധ താരമായ ലൂക്കാസ് ഹെർണാണ്ടസിനെ കൂടി ഉൾപ്പെടുത്തി സിറ്റിയിൽ നിന്നും ലെറോയ് സാനെയെ ടീമിലെത്തിക്കാൻ ബയേൺ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ. നിലവിൽ ഒരു വർഷത്തേക്ക് കൂടി മാത്രമേ സാനെക്ക് സിറ്റിയുമായി കരാറുള്ളു.
6. ബാഴ്സ താരത്തെ സ്വന്തമാക്കാൻ ചെൽസി ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ
ബാഴ്സ താരം ഫിലിപ്പെ കുട്ടീന്യോയെ സമ്മറിൽ ലോൺ അടിസ്ഥാനത്തിൽ ടീമിൽ എത്തിക്കാൻ ചെൽസി ശ്രമിക്കുന്നതായി ദി സ്റ്റാർ റിപ്പോർട്ട് ചെയ്തു. എന്നാൽ ചെൽസിയെ കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം, ആഴ്സനൽ, ലെസ്റ്റർ സിറ്റി എന്നി ടീമുകളും കുട്ടീന്യോയ്ക്ക് വേണ്ടി മത്സരിക്കുന്നുണ്ട്.
7. പോർട്ടോ താരത്തെ സ്വന്തമാക്കാൻ മത്സരിച്ച് ചെൽസിയും പി എസ് ജിയും
പോർട്ടോയുടെ ലെഫ്റ്റ് ബാക്ക് താരമായ അലക്സ് ടെലാസിനെ ടീമിക്കെത്തിക്കാൻ ചെൽസിയും പി എസ് ജിയും ശ്രമം തുടങ്ങിയതായി ടുട്ടോസ്പോർട് റിപ്പോർട്ട് ചെയ്തു. 27 വയസുള്ള താരം ടീമിന് വേണ്ടി ഈ സീസണിൽ 10 ഗോളുകൾ നേടിയിട്ടുണ്ട്.