
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഓ സ്ഥാനത്ത് നിന്ന് വീരൻ ഡി’ സിൽവ രാജി വെച്ചെന്ന് റിപോർട്ടുകൾ. വീരന്റെ രാജി ക്ലബ് അംഗീകരിക്കുകയും ചെയ്തതായി പ്രമുഖ വെബ്സൈറ്റ് ആയ ഖേൽ നൗ റിപ്പോർട്ട് ചെയ്തു.
നേരത്തെ ക്ലബിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ സന്ദേശ് ജിങ്കൻ ക്ലബ് വിട്ടെന്ന് റിപോർട്ടുകൾ വന്നിരുന്നു. മാത്രമല്ല, താരങ്ങളോടെല്ലാം ശമ്പളത്തിൽ കുറവ് വരുത്താൻ ക്ലബ് ആവശ്യപ്പെട്ടതായാണ് സൂചനകൾ. ബ്ലാസ്റ്റേഴ്സിൽ ഒരു പ്രതിസന്ധി ഉടലെടുക്കുന്നു എന്നതിലേക്കാണ് ഈ കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സിൽ കാര്യങ്ങൾ പോവുന്ന രീതിയോട് വീരൻ അതൃപ്തി ഉണ്ടായിരുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞതെന്ന് ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു. ക്ലബിനുള്ളിലെ തീരുമാനങ്ങളിൽ പുറത്ത് നിന്നുള്ളവരുടെ സ്വാധീനം ഉണ്ടായിരുന്നുവെന്ന് വീരൻ തോന്നിയതായും അവർ വെളിപ്പെടുത്തുന്നു.
ആദ്യ രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഓ ആയിരുന്ന വീരൻ, കഴിഞ്ഞ വർഷം മാർച്ചിലാണ് വീണ്ടും ക്ലബിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി ചുമതലയേറ്റത്.