
കൊറോണ വൈറസ് മൂലം നിർത്തി വെച്ച ലാലിഗ സീസൺ ഈ മാസം വീണ്ടും ആരംഭിക്കാനിരിക്കയാണ്. ജൂൺ പതിനൊന്നിന് സെവിയ്യയും റയൽ ബെറ്റിസും തമ്മിലുള്ള മത്സരത്തോടെയാണ് സീസൺ പുനരാരംഭിക്കുന്നത്. ലാലിഗ സീസൺ വീണ്ടും ആരംഭിക്കുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. ബാഴ്സലോണ സൂപ്പർതാരം മെസി കളിക്കളത്തിലേക്കു തിരിച്ചെത്തുന്നു എന്നതാണ് അതിൽ പ്രധാനം. എന്നാൽ സീസൺ തുടങ്ങിയാലും ഫുട്ബോൾ ഒരിക്കലും പഴയതു പോലെയാകില്ലെന്നാണ് ബാഴ്സലോണ നായകൻ പറയുന്നത്.
പ്രിയപ്പെട്ടവരെ പോലും സംരക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത രീതിയിൽ കൊറോണ വൈറസ് ലോകത്ത് പിടിമുറുക്കി കൊണ്ടിരിക്കുമ്പോൾ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ബുദ്ധിമുട്ടാകുമെന്നാണ് മെസി പറയുന്നത്. ജീവിതം പോലെ തന്നെ ഫുട്ബോളിലും ഒരുപാടു മാറ്റങ്ങൾ കൊറോണ വൈറസ് കൊണ്ടു വരുമെന്നും മെസി പറഞ്ഞു. സ്പാനിഷ് മാധ്യമമായ എൽ പൈസിനോടു സംസാരിക്കുകയായിരുന്നു മെസി.
“ഈ സംഭവങ്ങൾക്കു ശേഷം ലോകം എങ്ങിനെയായിരിക്കും എന്ന കാര്യത്തിൽ എല്ലാവർക്കും ഉത്കണ്ഠയുണ്ട്. ഈ മഹാമാരി പല രീതിയിലാണ് ആളുകളെ ബാധിച്ചത്. ചിലർക്ക് ഉറ്റവരെ നഷ്ടപ്പെട്ടപ്പോൾ പലർക്കും കുടുംബാംഗങ്ങളെ കാണാൻ പോലും കഴിയാത്ത അവസ്ഥയിലായി.”
”വളരെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾ ഈ സമയത്തു നടന്നിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെടുകയെന്നതാണ് അതിൽ ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. വളരെയധികം അസ്വസ്ഥത എനിക്കതുണ്ടാക്കുന്നുണ്ട്. ജീവിതം പോലെ തന്നെ ഫുട്ബോളും ഒരിക്കലും പഴയതു പോലെയാകാനിടയില്ല.” മെസി പറഞ്ഞു.
അതേ സമയം കളത്തിലേക്കു തിരിച്ചു വരാനിരിക്കുന്ന ബാഴ്സലോണ ടീം ആത്മവിശ്വാസം വീണ്ടെടുത്തുവെന്നാണ് മെസിയുടെ സഹതാരമായ സുവാരസ് പറയുന്നത്. ടീമംഗങ്ങൾ മത്സരങ്ങൾക്കു പൂർണമായും തയ്യാറെടുത്തുവെന്നും കിരീടങ്ങൾ വിജയിക്കാനുള്ള ശേഷി ക്ലബിനുണ്ടെന്നും സുവാരസ് കഴിഞ്ഞ ദിവസം പറഞ്ഞു.