
മാഞ്ചസ്റ്റർ സിറ്റി യുവ താരം എറിക് ഗാർഷ്യയെ ടീമിലെത്തിക്കാൻ ബാഴ്സലോണ ശ്രമിക്കുന്നാതായി ഇ എസ് പി എൻ റിപ്പോർട്ടുകൾ. താരത്തെ പറ്റിയുള്ള അന്വേഷണങ്ങൾ ബാർസ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ബാഴ്സയുടെ ഈ നീക്കത്തിന് തുടക്കത്തിൽ തന്നെ സിറ്റി തടയിട്ടതായാണ് സൂചന. താരത്തെ വിൽക്കുന്നില്ല എന്നാണ് സിറ്റിയുടെ മേധാവികൾ അറിയിച്ചതെന്നാണ് റിപോർട്ടുകൾ. മാത്രമല്ല, സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളക്ക് വളരെ ഇഷ്ടമുള്ള താരമാണ് ഗാർഷ്യ. ഈ സീസണിൽ പുതിയ പ്രതിരോധ താരം ടീമിൽ എത്തുമെന്നാണ് അഭ്യൂഹങ്ങൾ എങ്കിലും ആദ്യ ഇലവനിലെ അംഗമായി ഗാർഷ്യയെയും നില നിർത്താനാണ് സിറ്റിയുടെ പദ്ധതി.
പിക്വെക്ക് പകരക്കാരൻ എന്ന നിലയിലാണ് ഗാർഷ്യയെ ബാഴ്സലോണ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. 33 വയസുള്ള പിക്വെക്ക് ഇനിയും എത്ര നാൾ ഈ മികവിൽ കളിക്കാൻ കഴിയുമെന്നത് അവ്യക്തമാണ്. അത് കൊണ്ടാണ് കഴിഞ്ഞ സീസൺ മുതൽ മികച്ച ഒരു പ്രതിരോധ താരത്തെ ടീമിലെത്തിക്കാൻ ബാഴ്സ പദ്ധതി ഇടുന്നത്.
ഇതിന് പുറമെ ജോവോ കാൻസെലോയും നെൽസൺ സെമെഡോയും ഉൾപ്പെടുന്ന ഒരു താരക്കൈമാറ്റ കരാറിന് ബാഴ്സ മാഞ്ചസ്റ്റർ സിറ്റിയെ സമീപിച്ചിരുന്നു. ഇതിന്റെ ചർച്ചക്കിടയിലാണ് സ്പാനിഷ് ക്ലബ് ഗാർഷ്യയെ കുറിച്ച് ചോദിച്ചതെന്നാണ് സൂചന.
19 വയസുള്ള ഗാർഷ്യ ലാ മാസിയയിൽ നിന്നാണ് കളി പഠിച്ചത്. എന്നാൽ 2017ൽ അദ്ദേഹം അക്കാഡമി വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുകയായിരുന്നു. 2018ൽ ലെസ്റ്റർ സിറ്റിക്ക് എതിരെ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ഗാർഷ്യ സിറ്റിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. കൂടാതെ ഈ സീസണിൽ 11 മത്സരങ്ങളിൽ ടീമിന് വേണ്ടി അദ്ദേഹം ഇറങ്ങി. രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ആദ്യ ഇലവനിൽ ഇടം നേടാൻ ഗാർഷ്യക്ക് കഴിഞ്ഞു.