
ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരം മെസി തന്നെയെന്ന് ഫുട്ബോൾ ലോകം കണ്ട ഇതിഹാസങ്ങളിലൊന്നായ ബ്രസീലിയൻ താരം റൊണാൾഡോ. അതേ സമയം മെസിയുടെ പ്രധാന എതിരാളിയായ ക്രിസ്ത്യാനോ റൊണാൾഡോയെ അദ്ദേഹം പൂർണമായും തഴഞ്ഞു. തനിക്കു താൽപര്യമുള്ള നിലവിലെ അഞ്ചു താരങ്ങളിൽ ക്രിസ്ത്യാനോയെ അദ്ദേഹം ഉൾപ്പെടുത്തിയിട്ടില്ല. മെസിക്കു പുറമേ മൊഹമ്മദ് സല, ഇഡൻ ഹസാർഡ്, നെയ്മർ, കെലിയൻ എംബാപ്പെ എന്നിവരെയാണ് റൊണാൾഡോ തിരഞ്ഞെടുത്തത്.
രണ്ടു തവണ ബ്രസീലിനു ലോകകിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച റൊണാൾഡോ മെസിയെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി തിരഞ്ഞെടുത്തതിൽ ആർക്കും അത്ഭുതമുണ്ടാകില്ല. എന്നാൽ മെസിയുടെ സമകാലീനനായി സമാനതകളില്ലാത്ത നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിസ്ത്യാനോ ഒഴിവാക്കപ്പെട്ടത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്.
സ്പാനിഷ് മാധ്യമമായ എഎസിനോടു സംസാരിക്കുമ്പോഴാണ് റൊണാൾഡോ തനിക്കു പ്രിയപ്പെട്ട താരങ്ങളെ കുറിച്ചു വെളിപ്പെടുത്തിയത്. “തീർച്ചയായും മെസി തന്നെയാണു നമ്പർ വൺ. ഇരുപതോ മുപ്പതോ വർഷം കൂടുമ്പോഴാണ് അദ്ദേഹത്തെ പോലൊരു പ്രതിഭയെ നമുക്കു കാണാനാവുക. സലാ, ഹസാർഡ്, നെയ്മർ എന്നിവരെയും എംബാപ്പയുടെയും കളി കാണാൻ എനിക്കിഷ്ടമാണ്.”
എംബാപ്പെയുടെ ശൈലി തന്റേതിനു സമാനമാണെന്നു പറയുന്നതിനെ കുറിച്ചും റൊണാൾഡോ പ്രതികരിച്ചു. “എന്നെപ്പോലെയാണ് എംബാപ്പെയെന്ന് പലരും പറയുന്നു. നല്ല വേഗതയും മികച്ച മൂവ്മെൻറും ഇരു കാലുകൾ കൊണ്ടും ഫിനിഷ് ചെയ്യാനുമുള്ള കഴിവും അദ്ദേഹത്തിനുണ്ട്.”
“ഞങ്ങൾ തമ്മിൽ ചില കാര്യത്തിൽ സമാനതകളുണ്ട്. എന്നാൽ ഇത്തരം താരതമ്യങ്ങളിൽ എനിക്കു താൽപര്യമില്ല. പ്രത്യേകിച്ചും രണ്ടു തലമുറയിൽ പെട്ട താരങ്ങളാകുമ്പോൾ. രണ്ടു കാലഘട്ടങ്ങളിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്.” റൊണാൾഡോ വ്യക്തമാക്കി.
ലാലിഗയാണ് നിലവിൽ മികച്ച ലീഗെന്നും റൊണാൾഡോ പറഞ്ഞു. ടെലികാസ്റ്റ് അവകാശങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വരുമാനം ചിലപ്പോൾ പ്രീമിയർ ലീഗിനായിരിക്കാമെങ്കിലും മികച്ച താരങ്ങളിൽ ഭൂരിഭാഗവും ലാലിഗയിലാണു കളിക്കുന്നതെന്നാണ് റൊണാൾഡോയുടെ അഭിപ്രായം.