
ലോക ഫുട്ബോളിലെ മികച്ച രണ്ട് താരങ്ങളാണ് റൊണാൾഡോയും മെസ്സിയും. ഇവർ തമ്മിൽ വർഷങ്ങളായുള്ള പോരാട്ടം ആരാധകർക്ക് അറിവുള്ളതാണ്. എന്നാൽ ഇപ്പോൾ തന്റെ എതിരാളിയായ മെസ്സിയെ പുകഴ്ത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് റൊണാൾഡോ.
റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുമ്പോഴും, റയലിൽ കളിക്കുമ്പോഴും മെസ്സിയെ ബാഴ്സക്കെതിരെ കളിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോയുടെ സ്പെയിനിലേക്കുള്ള വരവ് ഏറെ ആരാധകരുള്ള എൽ ക്ലാസിക്കോ മത്സരങ്ങൾ കൂടുതൽ വാശിയേറിയതാകാൻ. കഴിഞ്ഞ 12 വർഷത്തെ ബാലൺ ഡിയോറിൽ 11 എണ്ണവും റൊണാൾഡോയും മെസ്സിയുമാണ് നേടിയെന്നത് തന്നെ ഇരു താരങ്ങളുടെയും ഫുട്ബോളിലുള്ള സ്വാധീനം മനസിലാക്കി തരുന്നു.
“അദ്ദേഹത്തിന്റേത് (മെസ്സിയുടെ) വളരെ മികച്ച കരിയർ ആണ്. ഞാൻ ലാ ലീഗ വിട്ടതിൽ അദ്ദേഹത്തിന് പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. കാരണം ഞങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അദ്ദേഹം അഭിനന്ദിക്കുന്ന കാര്യമാണ്. ആരോഗ്യകരമായ ശത്രുതകൾ ഫുട്ബോളിൽ നല്ലതാണ്. മൈക്കിൾ ജോർദാനും ബാസ്കറ്റ്ബാളിൽ ശത്രുക്കൾ ഉണ്ടായിരുന്നു. അയർടോൺ സെന്നയും അലയിൻ പ്രോസ്റ്റും ഫോർമുല വണ്ണിലെ മികച്ച എതിരാളികളാണ്. ഈ രീതിയിലുള്ള എല്ലാ വലിയ എതിരാളികളിലുമുള്ള സാമ്യത എന്തെന്നാൽ , അവരുടെ ശത്രുത തികച്ചും ആരോഗ്യകരമായിരിക്കും. ” – ആർ എം സി സ്പോർട് നടത്തിയ അഭിമുഖത്തിൽ റൊണാൾഡോ വ്യക്തമാക്കി.
റയൽ മാഡ്രിഡിൽ കളിച്ച സമയത്ത് റൊണാൾഡോക്ക് 2 തവണ മാത്രമേ ലാ ലീഗ കിരീടം നേടാൻ സാധിച്ചുള്ളൂ എങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടം നാല് തവണ അവരോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. അതെ സമയം മെസ്സി ഈ കാലയളവിൽ ബാഴ്സയോടൊപ്പം 6 ലാ ലീഗ കിരീടവും 2 ചാമ്പ്യൻസ് ലീഗ് കിരീടവും നേടി.