
ഫുട്ബോൾ ആരാധകർ ഏറെ കാത്തിരുന്ന ലാലിഗ സീസൺ ജൂൺ പതിനൊന്നിനു പുനരാരംഭിക്കാൻ ഇരിക്കുകയാണ്. റയൽ മാഡ്രിഡ്, ബാഴ്സലോണ എന്നിങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ക്ലബുകൾ കളത്തിലിറങ്ങുമെന്നതു കൊണ്ടു തന്നെ ആരാധകർ വളരെ ആവേശത്തോടെയാണ് ലാലിഗ മത്സരങ്ങൾക്കായി കാത്തിരിക്കുന്നത്. റയലും ബാഴ്സയും തമ്മിൽ രണ്ടു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളു എന്നതു കൊണ്ട് കിരീടപ്പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരിക്കും എന്നുമുറപ്പാണ്. ഇനി പതിനൊന്നു റൗണ്ട് മത്സരങ്ങളാണ് ലീഗിൽ ബാക്കിയുള്ളത്.
അതേ സമയം കിരീടപ്പോരാട്ടത്തിൽ രണ്ടു പോയിന്റിനു പിന്നിൽ നിൽക്കുന്ന റയൽ മാഡ്രിഡിന് ബാക്കിയുള്ള മത്സരങ്ങൾക്ക് ഇറങ്ങുമ്പോൾ സാന്റിയാഗോ ബർണബൂവിന്റെ സുരക്ഷിതത്വമുണ്ടാകില്ല. സീസണിൽ ബാക്കിയുള്ള ഒരു മത്സരവും റയൽ മാഡ്രിഡ് സ്വന്തം മൈതാനത്തല്ല കളിക്കുക. റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് ഇക്കാര്യം വ്യക്തമാക്കി. സാന്റിയാഗോ ബെർണബൂവിനു പകരം ആറായിരം സീറ്റുകൾ മാത്രമുള്ള വാൽഡെബെബാസിലെ ആൽഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലാണ് റയൽ ബാക്കി മത്സരങ്ങൾ കളിക്കുക.
Real Madrid to NOT play at the Bernabeu for the rest of the season ?️
— Goal News (@GoalNews) June 2, 2020
“ഈ സീസണിൽ റയലിന്റെ ബാക്കിയുള്ള ഹോം മത്സരങ്ങൾ ആൽഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ വച്ചാണു നടക്കുക. സാന്റിയാഗോ ബെർണബുവിന്റെ പുനർ നിർമാണ പ്രവർത്തികൾ മുന്നോട്ടു കൊണ്ടു പോകുന്നതിനു വേണ്ടിയാണ് ഈ തീരുമാനം.” പെരസ് മാഡ്രിഡ് ആരാധകർക്കു വേണ്ടി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 2022ൽ ഏറ്റവും ആധുനികമായ രീതിയിൽ റൂഫ് അടക്കമുള്ള സ്റ്റേഡിയമാക്കി ബെർണബുവിനെ മാറ്റാനാണ് റയൽ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ പ്രാഥമികമായ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
അതേ സമയം ലാലിഗ പോരാട്ടത്തിനു തങ്ങൾ പൂർണമായും തയ്യാറെടുത്തുവെന്നാണ് റയൽ മാഡ്രിഡ് താരമായ വാസ്ക്വസ് പറയുന്നത്. ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയം നേടി കിരീടം നേടാമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെവിയ്യയും റയൽ ബെറ്റിസും തമ്മിലുള്ള മത്സരത്തോടെ പുനരാരംഭിക്കുന്ന ലാലിഗയിൽ റയൽ മാഡ്രിഡിന്റെ ആദ്യത്തെ എതിരാളികൾ ഐബാറാണ്. അതിനു ശേഷം അവർ കരുത്തരായ വലൻസിയയെയാണ് നേരിടുക.