
കൊറോണ വൈറസ് മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ടീമിലെ മിക്ക താരങ്ങളിൽ ആരെയും വിൽക്കാൻ ബാഴ്സലോണ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇംഗ്ലീഷ് മാധ്യമമായ ദി സണിന്റെ റിപ്പോർട്ട് പ്രകാരംഏകദേശം £106 മില്യൺ എങ്കിലും ട്രാൻസ്ഫർ ഇനത്തിൽ ബാഴ്സലോണ ഈ സമ്മറിൽ നേടിയാൽ മാത്രമേ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളു.
അത് കൊണ്ട് തന്നെ ടീമിലെ 3 താരങ്ങൾ ഒഴികെ മറ്റേത് താരങ്ങളെയും വിൽക്കാൻ ബാഴ്സ തയ്യാറായേക്കുമെന്നാണ് സൂചന. മെസ്സി, ഡി ജോങ്, ടെർ സ്റ്റീഗൻ എന്നി 3 താരങ്ങളെ വിട്ട് നൽകാൻ ബാഴ്സ തയ്യാറല്ല. എന്നാൽ ഫിലിപ്പെ കൊട്ടീന്യോ, ഇവാൻ റാക്കിറ്റിച്ച്, ഔസമാനെ ഡെമ്പേലെ തുടങ്ങിയ താരങ്ങളെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കാൻ സാധ്യതയേറെയാണ്.
കഴിഞ്ഞ സീസണിൽ അയാക്സിൽ നിന്നും ഡി ജോങിനെ ടീമിലെത്തിക്കാനും അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ഗ്രീസ്മാനെ സ്വന്തമാക്കാനും വളരെയധികം തുക ബാർസ ചിലവാക്കിയിരുന്നു. കൂടാതെ ഗ്രീസ്മാന് നിലവിൽ ആഴ്ചയിൽ ഏകദേശം £300,000 ആണ് ബാഴ്സ ശമ്പളമായി നൽകുന്നത്.
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന അവസരത്തിൽ ടീമിന് അനുയോജ്യമല്ല എന്ന് തോന്നുന്ന എത് താരത്തെയും ബാഴ്സ വിൽക്കാൻ സാധ്യത ഏറെയാണ്. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മൂലം മിക്ക ടീമുകളും വൻ തുക സമ്മർ ട്രാൻസ്ഫെറിൽ മുടക്കാൻ തയ്യാറാകില്ല എന്നാണ് ഫുട്ബോൾ വിദഗ്ധരുടെ അഭിപ്രായം. അത് കൊണ്ട് തന്നെ താരങ്ങളെ വിറ്റ് കൊണ്ട് ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്.