
ബുണ്ടസ് ലീഗയിലെ ഏറ്റവും മികച്ച മുന്നേറ്റ താരമാണ് ലെവൻഡോസ്കി എന്ന് നിസംശയം പറയാൻ സാധിക്കും. അത്ര മാത്രം മികച്ച രീതിയിലാണ് അദ്ദേഹം ബയേൺ മ്യൂണിക്കിന് വേണ്ടി കളിക്കുന്നത്. ഇപ്പോൾ യുവ താരമായ എർലിങ് ഹാലാൻഡിനു ട്രാൻസ്ഫെറിനെ സംബന്ധിച്ച ഉപദേശം നൽകിയിരിക്കുകയാണ് ലെവൻഡോസ്കി.
ഇപ്പോൾ ബൊറൂഷ്യ ഡോർട്മുണ്ടിൽ കളിക്കുന്ന ഹാലാൻഡ് അവിടെ തന്നെ തുടരാൻ ശ്രമിക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ കരിയറിന് നല്ലതെന്ന് ലെവൻഡോസ്കി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ഹാലാൻഡ് ഡോർട്മുണ്ടിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ,റയൽ മാഡ്രിഡ് എന്നി വമ്പന്മാരും ഹാലാൻഡിനു വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും ഹാലാൻഡിനെ സ്വന്തമാക്കാൻ ഡോർട്മുണ്ടിന് കഴിഞ്ഞു.
എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് ഈ സമ്മർ ട്രാൻസ്ഫെറിൽ പല വമ്പൻ ടീമുകളും ഹാലാൻഡിനു വേണ്ടി ശ്രമിക്കും എന്നാണ്. ഇതിൽ റയൽ മാഡ്രിഡാണ് മുൻപന്തിയിൽ നിൽക്കുന്ന ക്ലബ്. ഈ സാഹചര്യത്തിലാണ് ലെവൻഡോസ്കി അദ്ദേഹത്തിന് ട്രാൻസ്ഫർ സംബന്ധമായ ഉപദേശം നൽകിയത്.
“അദ്ദേഹം വലിയ മികവുള്ള താരമാണ്. കൂടാതെ അദ്ദേഹത്തിന് ഇനിയും ധാരാളം സമയമുണ്ട്. അത് കൊണ്ട് തന്നെ എന്റെ പ്രസ്താവനകൾ മൂലം അദ്ദേഹത്തെ സമ്മർദ്ദത്തിൽ ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കഠിന പ്രയത്നം നടത്തിയാൽ അദ്ദേഹത്തിന് മികച്ച ഒരു താരമാകാൻ സാധിക്കും. അതിനാൽ അടുത്ത ഒരു ഘട്ടത്തിലേക്ക് പോകുന്നതിനേക്കാൾ നല്ലത് അദ്ദേഹം ബുണ്ടസ് ലീഗയിൽ തന്നെ തുടരുന്നത് ആയിരിക്കും. “- ലെവൻഡോസ്കി വിശദമാക്കി.
കൂടാതെ നിലവിൽ മികച്ച രീതിയിൽ കളിക്കുന്ന 5 സ്ട്രൈക്കറുമാർ ആരൊക്കെയാണെന്നും ലെവൻഡോസ്കി പറഞ്ഞു. സിറ്റി താരം അഗ്യൂറോ ,പി എസ് ജി താരം എംബാപ്പെ , ബാർസ താരം സുവാരസ്, ആർ ബി ലെപ്സിഗ് താരം ടിമോ വെർനെർ ,റയൽ താരം കരിം ബെൻസേമ എന്നിവരാണ് ലെവൻഡോസ്കിയുടെ അഭിപ്രായ പ്രകാരം നിലവിലെ മികവുറ്റ സ്ട്രൈക്കറുമാർ.